Monday, 2 November 2015

"ലേ"യിലേക്കൊരു യാത്ര - ഭാഗം 2


കാര്‍ദുങ്ങ് ലാ

സെപ്റ്റംബര്‍ ഇരുപത്തിനാല് - നുബ്ര താഴ്വരയില്‍ പോകാന്‍ പറ്റിയില്ലെങ്കിലും, കാര്‍ദുങ്ങ് പാസ്‌ കാണുവാന്‍ പോകണമെന്ന് ഉറപ്പിച്ചിരുന്നു. 5,602 മീറ്റര്‍ (18,380 അടി) ഉയരത്തിലുള്ള ഈ ചുരത്തിലേക്ക് ലേയില്‍ നിന്നും നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിക്കണം. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പുറപ്പെട്ടു. ലേ പട്ടണത്തിന്റെ തിരക്കുപിടിച്ച ഒരു ദിക്കിലാണ് അങ്ങോട്ടെക്കുള്ള വഴി ആരംഭിക്കുന്നത്. പൊതുവഴിയും നടവഴിയും ഒന്നുപോലെ തോന്നിക്കുന്ന തിക്കിലും തിരക്കിലും ഞങ്ങള്‍ക്ക് കാര്‍ദുങ്ങ് ലാ റോഡ്‌ പിടികിട്ടിയില്ല. പിന്നെയാണ് ഗതാഗതക്കുരുക്കില്‍  പെട്ട് വാഹനങ്ങള്‍ തിങ്ങിയ ഒരു ഇടവഴിയാണ് അവിടെക്കുള്ള വഴിയെന്ന് മനസ്സിലായത്. ഒരു സൈനിക വാഹനത്തിനു പിന്നില്‍ ഞങ്ങളും ഗതാഗതക്കുരുക്കിലേക്ക് "ഫാള്‍ ഇന്‍" ആയി!




ആകാശം ഇന്നും തെളിച്ചമുള്ളതല്ല. താമസിയാതെ ലേ പട്ടണത്തെ പിന്നിലാക്കി വാഹനം കയറ്റം കയറിത്തുടങ്ങി. ഊഷരമായ മലനിരകളില്‍ കാര്‍മേഘങ്ങള്‍ നിഴലും വെളിച്ചവും കൊണ്ട് ചിത്രങ്ങള്‍ വരഞ്ഞു, ലേ താഴ്വരയില്‍ മരകൂട്ടങ്ങള്‍ ലഡാക്കി ഗൃഹങ്ങളെ ഒളിപ്പിച്ചു.


ഞങ്ങള്‍ കയറ്റം കയറി കൊണ്ടേയിരുന്നു. വഴിയില്‍ മഞ്ഞിന്‍റെ സാന്നിദ്ധ്യം കൂടിക്കൂടി വന്നു. യാത്രക്കാരെ അനുഗ്രഹിച്ചുകൊണ്ട്‌, ഏറെ പരിക്കുപറ്റിയ "ചോര്‍ട്ടനുകള്‍", വഴിയരികില്‍ കണ്ടു. തകര്‍ന്ന പാതകള്‍ നന്നാക്കുന്ന ബി. ആര്‍. ഓ. ബുള്‍ഡോസറുകള്‍ വാഹനത്തിന്റെ മുന്നോട്ടുള്ള ഗതിയെ ഇടയ്ക്കിടെ തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ ഒലിച്ചുപോയ മണ്‍പാതകള്‍  കല്ലും മണ്ണുമിട്ട് ഒരുവിധം യാത്രാ യോഗ്യമാക്കിക്കൊണ്ടിരിക്കുന്നു പണിക്കാര്‍.


ബുൾഡോസർ ഓടിക്കുന്നവർ, "നിത്യത്തൊഴിൽ അഭ്യാസം" എന്ന തത്വ പ്രകാരമാവാം, പലപ്പോഴും "അയ്യോ, കൊക്കയിൽ വീണു!" എന്ന് കാണുന്നവർക്ക് ഹൃദയാഘാതമുണ്ടാക്കുന്ന  തരത്തിലാണ് അത് കൈകാര്യം ചെയ്തിരുന്നത്. കൊടും തണുപ്പിൽ ജോലിചെയ്യുന്ന ഇവരിലധികവും പേർ അന്യ സംസ്ഥാനക്കാരാണ്. നല്ല വസ്ത്രം ധരിച്ച  ഒരു മേല്നോട്ടക്കാരന് കീഴിൽ ധാരാളം സീസണുകൾ കണ്ട കുപ്പായങ്ങളണിഞ്ഞു അനേകം പേർ ഓരോ സ്ഥലത്തും പണിയെടുക്കുന്നത് കണ്ടിരുന്നു.


കുഴമഞ്ഞും ചളിയും മൂടിയ പാത മഞ്ഞണിഞ്ഞ പര്‍വത പാര്‍ശ്വത്തില്‍ ആരോ  അലക്ഷ്യമായി വരച്ച വരകള്‍ പോലെ, വാഹനത്തിന്റെ ഗതിയനുസരിച്ച് ഒളിഞ്ഞും തെളിഞ്ഞും, മുന്നില്‍ വന്നു കൊണ്ടിരുന്നു. അകലെയായ് വാഹനങ്ങള്‍ നീങ്ങുന്നത്‌ കാണുമ്പോഴാണ് ആ വരകളില്‍ കൂടിയാണ് നമുക്ക് പോകേണ്ടതെന്ന് തിരിച്ചറിയുന്നത്‌.  ചിലപ്പോഴൊക്കെ മഴ പൊടിയുന്നുണ്ടോ എന്നു സംശയം തോന്നുമാറ് അന്തരീക്ഷത്തിൽ വെള്ളത്തുള്ളികളും മഞ്ഞു കണങ്ങളും ഇടകലർന്ന് പാറി നടന്നു.


ഞങ്ങളെക്കടന്ന് രണ്ട് ബുള്ളെറ്റ് ബൈക്കുകള്‍ പോയി. മുകളിലേക്ക് എത്തുമ്പോള്‍ പാത വീണ്ടും ഇടുങ്ങിയതായി - കഷ്ടിച്ച് രണ്ടു ചെറുവാഹങ്ങള്‍ക്ക് കടന്നു പോകാം. മണ്ണും മഞ്ഞും കുഴച്ചുവച്ച ആ വഴിയിലൂടെ, കഴിയുന്നതും കൊക്കയുടെ അരികില്‍ നിന്ന് മാറി വണ്ടിയോടിക്കാന്‍ സതീഷ്‌ ശ്രദ്ധിക്കുണ്ടായിരുന്നു.


മേഘങ്ങള്‍ ഞങ്ങള്‍ക്ക് താഴെയായി, അങ്ങിങ്ങ് മൂടല്‍മഞ്ഞിനിടയിലൂടെ നീലാകാശം പ്രത്യക്ഷമായി. വീശിയടിക്കുന്ന കാറ്റ്കാരണം തണുപ്പ് കഠിനമായിക്കൊണ്ടിരുന്നു, ഞങ്ങള്‍ ഒരു വളവുതിരിഞ്ഞതും, നിരനിരയായി കിടക്കുന്ന വാഹനങ്ങളുടെ ദൃശ്യം പ്രത്യക്ഷമായി. പരസ്പരം കടന്നു പോകാന്‍ വഴിയില്ലാതെ ഒരു ഗതാഗത കുരുക്ക് രൂപപ്പെട്ടതാണ്. അതിന്‍റെ ഒരറ്റത്ത് ഞങ്ങളും സ്ഥാനം പിടിച്ചു. ഒന്നര മണിക്കൂര്‍ വേണ്ടിവന്നു അതില്‍ നിന്ന് പുറത്തു കടക്കാന്‍!


കാത്തിരിപ്പിനൊടുവില്‍, ഫോര്‍ച്യുണര്‍ മഞ്ഞിലൂടെ നീന്തിക്കയറി  കാര്‍ദുങ്ങ് ലാ ടോപ്പില്‍ എത്തി. ബൈക്കര്‍മാരുടെ ഇഷ്ട ലക്ഷ്യമാണെന്ന് തോന്നി ഇവിടം. സതീഷ്‌ ഒരു കൊടുമുടി കീഴടക്കിയ സന്തോഷത്തില്‍ ഫോട്ടോക്ക് പോസ് ചെയ്തു. ഡ്രൈവിംഗില്‍ താല്‍പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും ഒരു നേട്ടമാണ് കാര്‍ദുങ്ങ് ലാ ടോപ്പില്‍ എത്തിച്ചേരുക എന്നത്.


ഒരു പട്ടാള  പോസ്റ്റ്‌ ഉണ്ടിവിടെ; പട്ടാളക്കാര്‍ യാത്രികരോട് സൗഹൃദപൂര്‍വ്വം അധികം നേരം ഇവിടെ തങ്ങരുതെന്ന് ഉപദേശിക്കുന്നുണ്ട്. കഠിനമായ തണുപ്പും സാന്ദ്രത കുറഞ്ഞ വായുവും ശരീരത്തിന് കുഴപ്പങ്ങളുണ്ടാക്കിയേക്കാം. ഇരുപത്തഞ്ചു മിനിറ്റില്‍ കൂടുതല്‍ നില്‍ക്കരുതെന്നാണ് നിര്‍ദേശം.


നിലത്ത് ഉറഞ്ഞു കിടക്കുന്ന മഞ്ഞുപാളിയില്‍ (ബ്ലാക്ക്‌ ഐസ്) പലരും തെന്നി വീഴുന്നത് കണ്ടു. ശ്രദ്ധിച്ച് ഉറഞ്ഞ മഞ്ഞില്‍ ചവിട്ടാതെ കുഴമഞ്ഞില്‍ മാത്രം ചവിട്ടി നടന്ന്‌ കാര്‍ദുങ്ങ് ലാ ടോപ്പിലെ ഏക ചായക്കടയില്‍ പോയി ചായ കുടിച്ചു. പട്ടാള ട്രക്കുകള്‍ ചക്രങ്ങളില്‍ ചങ്ങല കുരുക്കിയാണ് താഴേക്ക് നീങ്ങുന്നത്‌.  അത്കൊണ്ട്, പാസ് കടന്നു മുന്നോട്ട് കുറച്ചുദൂരം പോകണമെന്ന ഞങ്ങളുടെ ആഗ്രഹം വേണ്ടെന്നു വച്ചു.

പാങ്ങ്ഗോങ്ങ് തടാകം

ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി ചിത്രത്തില്‍ വന്നതോടുകൂടി ഈ തടാകം കാണാന്‍ മാത്രമായി ജനങ്ങള്‍ ലേയില്‍ വരാറുണ്ടെന്നാണ് ഗുര്‍നാം സിങ്ങിന്റെ അഭിപ്രായം. സെപ്റ്റംബര്‍ ഇരുപത്തിയഞ്ച് രാവിലെ ആറുമണിക്ക് പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പൊതിഞ്ഞുകെട്ടി ഞങ്ങള്‍ പാങ്ങ് ഗോങ്ങ് ലേക്ക് കാണാന്‍ യാത്രയായി. കാരു വരെ വഴി ഇപ്പോള്‍ സുപരിചിതമായതു കൊണ്ട്, വാഹനം സാമാന്യം വേഗത്തില്‍ തന്നെ പായിച്ചു. ഇന്ന് തെളിഞ്ഞ ഒരുവിധം ആകാശമാണ്‌. പഞ്ഞിക്കെട്ടുകള്‍ പോലെ അങ്ങിങ്ങ് മേഘങ്ങള്‍ അലയുന്നു. നീലനിറത്തിലുള്ള ആകാശം മഞ്ഞണിഞ്ഞ പര്‍വത ശിഖരങ്ങള്‍ക്ക് പിന്‍ തിരശ്ശീലയായി.


സങ്കുചിത മനസ്കരുടെ ഭാവനപോലെ കല്ലും മണ്ണും മാത്രമുള്ള ഊഷര പര്‍വതങ്ങള്‍ കയറി വളഞ്ഞു പുളഞ്ഞു പോകുന്ന വഴി. താമസിയാതെ അങ്ങിങ്ങ് മഞ്ഞ് കിടക്കുന്നത് കാണാറായി. ഒരു കൊടും വളവുതിരിഞ്ഞ് പര്‍വതത്തിന്റെ അപ്പുറം പുല്‍കിയപ്പോള്‍ കുമ്മായം കുടഞ്ഞ പോലെ പൊടി മഞ്ഞ് പുതച്ചു  നില്‍ക്കുന്നു അടിമുടി ആ, പര്‍വതപാര്‍ശ്വം.


ഫോര്‍ച്യുണര്‍ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി ഉയരങ്ങളിലേക്ക് കയറിക്കൊണ്ടിരുന്നു. വായു നിര്‍മ്മലവും നേര്‍ത്ത സുഗന്ധം വഹിക്കുന്നതുമായി അനുഭവപ്പെട്ടു. മഞ്ഞു പാടം പോലെ മലകള്‍ക്കിടയിലുള്ള വിജന പ്രദേശങ്ങള്‍ പിന്നിട്ട് വീണ്ടും ഉയരങ്ങളിലേക്ക് ഞങ്ങള്‍ കയറിക്കൊണ്ടിരുന്നു.


ചാങ്ങ് ലാ യില്‍ (5,360 മീറ്റര്‍ - 17,590 അടി) എത്തിയപ്പോള്‍ നിറച്ചും വാഹനങ്ങള്‍! ഫോട്ടോ എടുക്കുന്ന തിരക്കിലാണ് എല്ലാവരും. പല ടൂര്‍ ഗ്രൂപ്പുകളും പ്രഭാത ഭക്ഷണത്തിനുള്ള ഇടത്താവളമായി ഇവിടം കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു. ഞങ്ങളുടെ ഹോട്ടലിന്റെ ഡ്രൈവറെ അവിടെ വച്ചു കണ്ടപ്പോള്‍, സതീഷ് ഉടനെ അയാളെ ചേര്‍ത്തു പിടിച്ച് ഒരു ഫോട്ടോ സംഘടിപ്പിച്ചു!


ചുരത്തിന്റെ കിഴക്ക് വശത്ത് മഞ്ഞ് കൊണ്ട് ഒരു ഡാം കെട്ടിയപോലെ  തോന്നിക്കുന്ന ഒരു പര്‍വത ശിഖരം. ചില കല്ലുകള്‍ മുകളില്‍ നിന്നും താഴെ ഉരുണ്ടുവന്നത് കാണുന്നുണ്ട്, ആ മഞ്ഞുമലയുടെ ചാരെ - ഹിമാലയം അത്ര ഉറപ്പില്ലാത്ത ഭൂമിയാണെന്നത്തിനു തെളിവെന്നപോലെ.


ഞങ്ങള്‍ ചായക്കട ലക്ഷ്യമാക്കി നടന്നു. പൊതിഞ്ഞു കൊണ്ടുവന്ന ഭക്ഷണത്തിന് തല്ക്കാലം അവധി പറഞ്ഞ്,  ചൂടുള്ള ചായയും നൂഡില്‍സും ഓര്‍ഡര്‍ ചെയ്തു. തടാകതിലെക്കുള്ള വഴിയുടെ പകുതി ദൂരമേ ആയിട്ടുള്ളൂ, ഇനിയും രണ്ടര മണിക്കൂറെങ്കിലും വണ്ടി ഓടിയാലേ തടാക പരിസരത്തില്‍ എത്തൂ. വാഹനത്തിനടുത്തേക്ക് പോകും വഴി ഉഗ്രനൊരു നായയെ കണ്ടു. എല്ലാവരെയും വീക്ഷിച്ചുകൊണ്ട്‌ വെയില്‍ കായുകയാണ്, തീക്ഷ്ണ നയനങ്ങളാല്‍ അവന്‍.


താമസിയാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. മണ്ണെല്ലാം വെള്ളമൊലിച്ചു പോയിട്ട് കല്ലുകള്‍ മാത്രം ശേഷിച്ച ഒരു താഴ്വരയിലൂടെ വാഹനം നീങ്ങി. നീലാകാശത്ത് വെണ്‍മേഘങ്ങള്‍ പാറിനടന്നു. ചിലപ്പോഴൊക്കെ അവ അഗ്നി പര്‍വത ശൃംഗത്തില്‍നിന്ന്‌ നിന്ന് വരുന്ന ആവി കണക്കെ നിലയുറപ്പിച്ചു.


ഒരു സൈനിക പോസ്റ്റില്‍ ഞങ്ങള്‍ വണ്ടി നിറുത്തി. പട്ടാളക്കാര്‍ ആഹ്ലാദത്തോടെ ഞങ്ങളെ കട്ടന്‍ ചായ കുടിക്കാന്‍ ക്ഷണിച്ചു. അവരിലൊരാള്‍ തണുത്തുറഞ്ഞ് ഒരു യന്ത്രത്തോക്കിന്റെ രൂപം പൂണ്ട മഞ്ഞു കഷണം സതീഷിനു സമ്മാനിച്ചു. കഠിനമായ പരിസ്ഥിതികളില്‍ ജീവിക്കുമ്പോഴും അവര്‍ വഴിയാത്രക്കാരോട് ചിരിക്കാന്‍ മറക്കുന്നില്ല.  ചായക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.


ഇപ്പോള്‍ പാതയുടെ രണ്ടു വശവും പര്‍വതങ്ങളാണ്, ഇടതുവശത്തുകൂടി ഒരു അരുവി ഒഴുകുന്നുണ്ട്. നദി ഒരിടത്ത് ഒരു തടാകത്തിന്റെ രൂപം കൊണ്ടു. സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തിയിരിക്കുന്നു. എല്ലായിടവും നല്ല വെയിലില്‍ കുളിച്ചു നിന്നു. വെയിലും, മഞ്ഞും, മേഘങ്ങളുടെ നിഴലുകളും, മലകളുടെ നിറവ്യത്യാസങ്ങളെ പതിന്മടങ്ങ്‌ പൊലിപ്പിച്ചു. ക്യാമറക്ക് വിശ്രമം കൊടുക്കാതെ കാണുന്നതെല്ലാം, ഇത് മുന്‍പ് കണ്ടതിനേക്കാള്‍ മനോഹരം എന്ന് പറഞ്ഞു, ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു.


ദുര്‍ബുക് ഗ്രാമം പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ പ്രകൃതിയില്‍ വലിയ മാറ്റങ്ങള്‍ കണ്ടു. പച്ചപ്പുല്ല് നിറഞ്ഞ മൈതാനങ്ങള്‍ക്ക് നടുവിലൂടെ പാത  മലകള്‍ക്കിടയില്‍ക്കൂടി മുന്നോട്ട് പോയി. പാത നല്ല രീതിയില്‍ കാത്ത് സൂക്ഷിച്ചിട്ടുണ്ട് ഇവിടങ്ങളില്‍.


പാറക്കെട്ടുകളും മലനിരകളും ഉജ്ജ്വല പ്രകാശത്തില്‍ തെളിഞ്ഞു നിന്നു. ആകാശത്തിന്റെ നീല നിറം കൂടിക്കൂടി വന്നു. ഞാനും സതീഷും തൈക്കൂടം ബ്രിഡ്ജ്-ന്റെ "അപ്പോഴേ പറഞ്ഞില്ലേ, പോരണ്ടാ, പോരണ്ടാന്ന്..." എന്ന ഗാനത്തിലുള്ള "തമ്പ്രാന്‍റെ നെഞ്ചില്‍ ഇടിമിന്നലോടി" എന്നതടക്കം അതിന്റെ ഓരോരോ വരികളും ചികഞ്ഞ്, ഞങ്ങള്‍ ആ ഗാനത്തിന്റെ ആന്തരാത്ഥര്‍ങ്ങള്‍ തേടി.


പുല്‍ മൈതാനത്തിനു നടുവിലെ ദ്വീപുപോലെ ഉയര്‍ന്നൊരു ശിലാ സഞ്ചയം കണ്ണില്‍പ്പെട്ടു. കത്തികൊണ്ടു നുറുക്കിയപോലെ നെടുകെ അനേകം ശ്ചിദ്രങ്ങള്‍.


മലകളില്‍ മഞ്ഞയും ഓറഞ്ചും നിറമുള്ള പാറകള്‍ കൂടുതലായി കാണപ്പെട്ടു തുടങ്ങി. നീല നിറത്തില്‍ ആകാശവും അതിനു താഴെ പീതവര്‍ണ്ണവും ചേര്‍ന്ന് ഒരു മായാ ലോകത്ത് പെട്ട പോലെയായി. വെറുതെയല്ല ഹിമാലയം ദേവന്മാരുടെ ഇഷ്ട കേന്ദ്രമായത്!


അനേകവര്‍ഷങ്ങള്‍ കൊണ്ട് രൂപംകൊണ്ട ശിലാ രൂപങ്ങള്‍ അതിര്‍ത്തി തീര്‍ക്കുന്ന ഇടുങ്ങിയ താഴ്വരയില്‍ ടാങ്ങ്സീ ഗൊംപയിലേക്കുള്ള വഴി കാണായി. ഇവിടെ വച്ച് പാത രണ്ടാവുകയാണ് - ഇടത്തേക്ക് പോയാല്‍ പാങ്ങ് ഗോങ്ങ് സൊയിലേക്കും, വലത്തേക്ക് പോയാല്‍ ഹാന്‍ലേ വാനനിരീക്ഷണ കേന്ദ്രത്തിലേക്കും (160 കി.മി.) എത്താം. താമസിയാതെ ആ നീല തടാകം മുന്നില്‍ പ്രത്യക്ഷമായി. സംസാരിക്കാനാവാതെ, അനങ്ങാനാവാതെ, കണ്ണുകള്‍ മാത്രം അടച്ചു തുറന്ന്, വാഹനതിനകത്ത് ഞങ്ങള്‍ വെറുതെയിരുന്നു.


ഏറെനേരമെടുത്തു തടാകത്തിന്‍റെ ആദ്യ ദര്‍ശനം നല്‍കിയ ആഘാതത്തില്‍നിന്ന്‌ മോചിതനാവാന്‍ - വാഹനം പതുക്കെ തടാക തീരത്തേക്ക് അടുപ്പിച്ചു . വെള്ളത്തിന്‌ ഇങ്ങനെ നീല നിറം വരുമോ? തീരത്തിനോടടുത്തു ചെന്ന് വീണ്ടും സൂക്ഷിച്ചുനോക്കി. വൈഡൂര്യം ഉരുക്കിയത് പോലെ! തിക്കിലും തിരക്കിലും നിന്നും ദൂരേക്ക്‌ മാറിയാണ് വാഹനം പാര്‍ക്ക് ചെയ്തത്. പാത എത്തിച്ചേരുന്ന ദിക്കില്‍ കുറെ ഭോജന ശാലകളും സന്ദര്‍ശകരുടെ തിക്കിത്തിരക്കുമാണ്. പൊതിഞ്ഞു കൊണ്ടുവന്ന ആലൂ പറാത്തയും ഓറഞ്ച് ജ്യൂസും കഴിച്ചു.


ശീതക്കാറ്റ് അടിക്കുന്നുണ്ട്. തടാകത്തില്‍ കരയില്‍ ഞങ്ങള്‍ വെറുതെ ഇരുന്നു. ഇടയ്ക്കിടെ കാറ്റ് ചെവിയില്‍ മൂളുന്നുണ്ടായിരുന്നു. മഞ്ഞണിഞ്ഞ മലകളുടെ പ്രതിബിംബങ്ങള്‍ നീലത്തടാകത്തിലെ ചെറു ഓളങ്ങളില്‍ ചാഞ്ചാടി. മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ തടാക നീലിമയില്‍ ഇളകിക്കൊണ്ടിരുന്നു.


അകലെ, കുറച്ചു ജല പക്ഷികള്‍ നീന്തുന്നു. ബ്രാഹ്മണി താറാവിന്‍റെ (Tadorna ferruginea) കുഞ്ഞുങ്ങളാണെന്ന് തോന്നുന്നു.


കരയോടടുത്ത് വെള്ളം നല്ല തെളിഞ്ഞതായിരുന്നു. ഓളങ്ങള്‍ കരയില്‍ സാവധാനം അടിച്ചുകൊണ്ടിരുന്നു. ഗൌരവക്കാരനായ ഒരു അന്നം ഞങ്ങളെ നോക്കിയിട്ട് ധൃതിയില്‍ ഓളങ്ങളെ മുറിച്ചു നീങ്ങിപ്പോയി. സമയം വളരെ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. മടക്കയാത്രയില്‍ ചാങ്ങ് ലാ ഇരുട്ടുന്നതിനു മുന്നേ കടക്കണം. അവസാനമായി ഒരിക്കല്‍ക്കൂടി തടാകത്തെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ വണ്ടിക്കു വേഗം കൂട്ടി.


(തുടരും)

No comments:

Post a Comment