സര്‍ച്ചു
ഇന്ന് സെപ്റ്റംബര്‍ ഇരുപത്തിയേഴ്. ഇന്നത്തെ ദീര്‍ഘ യാത്രക്കുള്ള മുന്നൊരുക്കമായി ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇന്നു രാത്രിയിലെ താമസം ജിസ്പയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ലേയില്‍നിന്ന് 340 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ജിസ്പയില്‍ എത്തിച്ചേരൂ - ഏകദേശം പത്തുമണിക്കൂര്‍ യാത്രയുണ്ട്. തലേന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടലിലെ കണക്ക് തീര്‍ത്ത്, നാളെ രാവിലെ വഴിയില്‍ കഴിക്കേണ്ട ഭക്ഷണത്തിന് ഓര്‍ഡറും കൂടി കൊടുത്തിട്ടാണ് ഉറങ്ങാന്‍ പോയത്. ഞങ്ങള്‍ രാവിലെ ആറുമണിക്ക് മുന്നേ തന്നെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പൊതിഞ്ഞെടുത്ത് ലേ പട്ടണത്തിന് വിട പറഞ്ഞ് മണാലി ഹൈവേയില്‍ കയറി.ഇതിനകം നാലുതവണ യാത്ര ചെയ്ത ലേ മണാലി ഹൈവേയിലെ കാരുവരെയുള്ള ദൂരം സൂര്യന്‍ ഉണരുമ്പോഴേക്കും ഞങ്ങള്‍ നല്ല വേഗത്തില്‍ തന്നെ ഓടി തീര്‍ത്തു.
മിരു ഗ്രാമം പിന്നിട്ടു കുറച്ചു കഴിഞ്ഞപ്പോള്‍ വഴിയില്‍ പെട്ടെന്ന് ഒരുകൂട്ടം ചെമ്മരിയാടുകള്‍ പ്രത്യക്ഷമായി. ലഡാക്കികള്‍ മലകളിലും താഴ്വരകളിലും ആടുമേച്ച് നടക്കുന്നത് പലയിടത്തും കണ്ടിരുന്നു. എന്നാല്‍ ഇത്ര അടുത്ത് ആടുകളെ കാണുന്നത് ഇപ്പോഴാണ്. വാഹനം ഒരു വശത്തേക്ക് ഒതുക്കി നിര്‍ത്തി പുറത്തിറങ്ങി. പാതയുടെ ഇടതുവശത്ത് ഒരു കുഞ്ഞരുവി ഒഴുകുന്നു. ആടുകള്‍ വഴിയുടെയും അരുവിയുടെയും ഇടയിലുള്ള മരങ്ങളുടെ ഇടയിലൂടെയാണ് പാതയിലേക്ക് വന്നുകൊണ്ടിരുന്നത്. തിക്കിയും തിരക്കിയും അവ ഞങ്ങളോടടുത്തുകൊണ്ടിരുന്നു. ഏറ്റവും പുറകിലായി ആട്ടിടയനും വഴിയിലേക്ക് കയറി.
ആടുകള്‍ അങ്ങുമിങ്ങും കാണുന്ന പച്ചപ്പില്‍ കടിച്ചുവലിച്ചു മുന്നോട്ട് നീങ്ങി. ആട്ടിടയന്‍ തോളില്‍ തൂക്കിയ സഞ്ചിയില്‍, വഴില്‍ കൊഴിഞ്ഞു വീഴുന്ന കമ്പിളി രോമങ്ങള്‍ ശേഖരിക്കുന്നു. ഓരോ രോമവും വിലയേറിയതായിരിക്കണം. തലേന്നു "ലോക്കല്‍ ഷോപ്പിംഗ്" നടത്തുമ്പോള്‍ ഒരു പഷ്മിന ഷാളിന്റെ വില നാലായിരത്തിലധികം രൂപ വരും എന്നാണ് വില്‍പനക്കാരന്‍ പറഞ്ഞത്.
വഴിയുലുള്ള മരങ്ങള്‍ ഹേമന്ത കാലത്തെ വരവേല്‍ക്കാന്‍ പീത വര്‍ണ്ണം പൂണ്ടുനിന്നു. നീലനിറത്തിലുള്ള ആകാശത്തിനെതിരെ മഞ്ഞകൂടുതലുള്ള പച്ചപ്പില്‍, മരങ്ങള്‍ മനോഹരമായി നിരന്നുനിന്നു തലയാട്ടി. താഴ്വരയിലൂടെ പോകുന്ന ഈ വഴിയരികില്‍ അരുവിയുടെ അപ്പുറവും ഇപ്പുറവും മാത്രമാണ് മരങ്ങള്‍ കാണപ്പെട്ടത്. മരങ്ങള്‍ കൂടാതെ ധാരാളം കുറ്റിചെടികളും, അവയ്ക്കിടയില്‍ കാട പക്ഷികളെയും കാണാമായിരുന്നു. വാഹനം പതുക്കെയാക്കിയതും അവ കുറ്റിചെടികളുടെ ഇടയില്‍ അപ്രത്യക്ഷമായി.
"ഗ്യാ" ഗ്രാമം കടന്ന് രുംട്സീ ലക്ഷ്യമാക്കി വാഹനം മുന്നോട്ട് പോയി. ചിതറിക്കിടക്കുന്ന പാടങ്ങള്‍ക്ക് നടുവിലൂടെ പോകുന്ന പാത. കുറച്ചു ചായപ്പീടികകളും നിര്‍ത്തിയിട്ട ട്രുക്കുകളും മാത്രമുള്ള ഒരു അങ്ങാടി: രുംട്സീ ഗ്രാമം. പാടങ്ങളില്‍ പ്രഭാത സൂര്യന്‍ താഴ്‌വരയുടെ അപ്പുറം നില്‍ക്കുന്ന മലകളുടെ നിഴല്‍ വീഴ്ത്തി. പ്രാവുകള്‍ കൂട്ടത്തോടെ പാടത്തു പറന്നു കളിക്കുന്നു. മലകളുടെ നിഴലില്‍ എത്തുമ്പോള്‍ അവയുടെ ചിറകുകള്‍ക്ക് പെട്ടെന്ന് വെള്ളനിറം കൈവരുന്നു. ഇരുളില്‍ നീങ്ങുന്ന വെള്ള പ്രാവുകള്‍. ഞങ്ങള്‍ ചുരം കയറാന്‍ തുടങ്ങിയപ്പോള്‍, ആകാശം മേഘാവൃതമായി കാണപ്പെട്ടു.
ഇതിനു മുന്‍പ് ടാങ്ങ് ലാങ്ങ് ലാ കാണാന്‍ വന്നപ്പോഴും ആകാശം മേഘങ്ങള്‍ നിറഞ്ഞ്, പൊടി മഴയും മഞ്ഞും പെയ്യുന്നുണ്ടായിരുന്നു. ഇന്ന് പക്ഷെ മഴയോ മഞ്ഞോ പെയ്യുന്നില്ല. ടാങ്ങ് ലാങ്ങ് ലാ ടോപ്പ് വിജനമായിരുന്നു. ഞങ്ങള്‍ പ്രഭാത ഭക്ഷണം ഡെബ്റിംഗ്-ല്‍ ചെന്നിട്ടു കഴിക്കാന്‍ തീരുമാനിച്ച് വാഹനം മുന്നോട്ടെടുത്തു. ഇതിനുമുന്‍പ് രുംട്സി / ടാങ്ങ് ലാങ്ങ് ലാ കാണാന്‍ വന്നപ്പോള്‍ ഡെബ്റിംഗ് വരെ പോകണമെന്ന് കരുതിയിരുന്നെങ്കിലും, ടാങ്ങ് ലാങ്ങ് ലായിലെ മൂടല്‍ മഞ്ഞു കാരണം ഞങ്ങള്‍ തിരിച്ചു പോകയായിരുന്നു.
ചുരം ഇറങ്ങി തുടങ്ങുമ്പോള്‍ ആകാശം മേഘങ്ങള്‍ കുറഞ്ഞ് കാണപ്പെട്ടു. തെളിഞ്ഞ ആകാശം കണ്ടതോടെ ഞങ്ങള്‍ തീരുമാനം മാറ്റി വണ്ടിയൊതുക്കി, ഭക്ഷണം പുറത്തെടുത്തു. നീലാകാശത്തേക്ക് കയറിപ്പോകുന്ന പോലെ തോന്നുന്ന പാതയരികിലിരുന്ന് ഞങ്ങള്‍ സാവധാനം ഭക്ഷണം കഴിച്ചു. വാഹനത്തിലിരിക്കുമ്പോള്‍ കാറ്റിന്റെ തണുപ്പറിയുന്നില്ല. എന്നാലും, ഒരു ചൂട് ചായ കിട്ടിയാല്‍ കൊള്ളാം എന്ന് തോന്നാതിരുന്നില്ല. ഈ യാത്രയില്‍ കൂടെ കരുതാന്‍ മറന്നുപോയ ഒന്ന് ഒരു തെര്‍മോ ഫ്ലാസ്ക് ആണ്.
വിജനതയില്‍ കാറ്റിന്റെ മൂളല്‍ ശ്രദ്ധിച്ചുകൊണ്ട് തണുത്ത ആലു പറാത്തയും അച്ചാറും കഴിച്ചു. ഹിമശൃംഗങ്ങളെ തഴുകിക്കൊണ്ട് മേഘങ്ങള്‍ അലസമായ് ഒഴുകി. അങ്ങിങ്ങ് തൂവിക്കിടക്കുന്ന മഞ്ഞ്, ഉദിച്ചുയരുന്ന സൂര്യന്‍റെ കിരണങ്ങളേറ്റു തിളങ്ങി. ഇത്രയും സമാധാനമുള്ള ഒരു പ്രഭാതം വേറെ എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല!
താമസിയാതെ വിശാലമായ പുല്‍മൈതാനങ്ങള്‍ കാണായി. മോറെ (അഥവാ മൂര്‍) പ്ലേന്‍ എന്നറിയപ്പെടുന്ന ഈ വിജന പ്രദേശത്ത് സീസണില്‍ ചില ചായപ്പീടികകള്‍ ഉണ്ടാകാറുണ്ട്. ഞങ്ങള്‍ ഒരു കടയുടെ മുന്നില്‍ വണ്ടിയൊതുക്കി ചായ പറഞ്ഞു. ഒരു മിടുക്കന്‍ (അതോ മിടുക്കിയോ?) അവിടെ ഓടി നടക്കുന്നുണ്ടായിരുന്നു. സതീഷ് കയ്യിലുണ്ടായിരുന്ന ബിസ്ക്കറ്റ് കൊടുത്ത് അവനെ വശീകരിച്ചു.
കുട്ടിയുടെ അമ്മ വെയിലത്തിരുന്ന്‍ കമ്പിളി രോമം നൂലാക്കിക്കൊണ്ടിരുന്നു. പകല്‍ പുരുഷന്മാര്‍ ആടിനെയും കൊണ്ട് നടക്കുമ്പോള്‍ സ്ത്രീകള്‍ വീടും, സീസണുകളില്‍, കടയും നോക്കി നടത്തുന്നു.
ഏകദേശം മുപ്പതു നാല്‍പ്പതു കിലോമീറ്റര്‍ ദൂരം - പാങ്ങ് വരെ - നീണ്ടു കിടക്കുന്ന ഈ ഭാഗം ലേ ലഡാക്ക് യാത്രയുടെ ഒരു പ്രധാനപ്പെട്ട "ഡെസ്റ്റിനേഷ"നാണ് - പ്രത്യേകിച്ച് ബൈക്ക് യാത്രികരുടെ. സാമാന്യം നിരപ്പായ പാതയും, ദൂരേക്ക് എത്തുന്ന കാഴ്ചയും ലേ-മണാലി പാതയില്‍ സുരക്ഷിതമായി വാഹനം പായിക്കാന്‍ പറ്റിയ ഒരേ ഒരു ഭാഗമാണ്.
പുല്‍മേടുകള്‍കപ്പുറം മലകള്‍ ഉയര്‍ന്നുയര്‍ന്ന്‍ പോകുന്നു. വെണ്‍മേഘങ്ങള്‍ അലഞ്ഞു നടക്കുന്ന നീലാകാശത്തിനു കീഴെ മഞ്ഞണിഞ്ഞ പര്‍വ്വത ശിഖരങ്ങള്‍. പുല്‍മേടുകളെ തഴുകി തണുത്ത കാറ്റ് വീശുന്നു.
വാഹനം മുന്നോട്ടേക്ക് പോകുന്തോറും പുല്‍മേടുകള്‍ക്കിടയില്‍ നിന്നും പാത ഉയര്‍ന്നുയര്‍ന്നു മലകളോടടുത്തു കൊണ്ടിരുന്നു. മഞ്ഞ്, കാറ്റിന്റെ ഗതിക്കനുസരിച്ച് മലകളുടെ ചില വശങ്ങളില്‍ മാത്രം കാണപ്പെട്ടു.
മോറെ സമതലത്തിന്‍റെ അതിരിനെ കീറി മുറിച്ചുകൊണ്ട് മലകള്‍ക്ക് ചുവട്ടിലൂടെ ഒരു നദി ഒഴുകുന്നു. ഇതിന്റെ രണ്ടു കരകളിലും വിചിത്രങ്ങളായ രൂപങ്ങള്‍ പ്രകൃതി മണ്ണൊലിപ്പിലൂടെ രൂപപ്പെടുത്തിയിരിക്കുന്നു.
സമതലത്തില്‍ നിന്ന് പാത ചുരം കയറി തുടങ്ങി. സമയം ഉച്ചയായി. മേഘങ്ങളുടെ നിഴലുകള്‍ പര്‍വത പാര്‍ശ്വങ്ങളില്‍ ചിത്രം വരക്കുന്നുണ്ട്. വെയിലില്‍ പാതയും മഞ്ഞണിഞ്ഞ മാമലകളും ഒരുപോലെ തിളങ്ങി.
പാങ്ങ് എന്ന സ്ഥലത്ത് ചുരം കയറിയെത്തി. വഴിയോരത്ത് കുറെ കടകള്‍. ഏറ്റവും അറ്റത്തുള്ള കടയില്‍ വണ്ടിയൊതുക്കി. കടക്കുള്ളില്‍ ആരെയും കാണുന്നില്ല. കുറച്ചു ലെയ്സ് പാക്കറ്റുകള്‍ ഒരു മാലപോലെ കയറില്‍ തൂക്കിയിട്ടത് കാറ്റില്‍ ഇളകിയാടുന്നു. ഞങ്ങള്‍ എല്ലുവരെ തണുപ്പിക്കുന്ന കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ കടക്കുള്ളില്‍ കയറി ഒരു മേശക്കിരുവശമായ് ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ലഡാക്കി വനിത മറ്റൊരു കടയില്‍ നിന്ന് ഞങ്ങളുടെ അടുത്ത് വന്നു നല്ല ഇംഗ്ലീഷില്‍ എന്താണ് വേണ്ടതെന്നു ചോദിച്ചു. ചായ പറഞ്ഞിട്ട് ഞങ്ങള്‍ കുശലം ചോദിച്ചു; അപ്പോഴാണ് മനസ്സിലായത്, സീറിംഗ് എന്ന ആ പെണ്‍കുട്ടി ലേയില്‍ ഡിഗ്രിക്ക് പഠിക്കുന്നതാണ്. സീസണ്‍ ആയതുകൊണ്ട് വീട്ടുകാരെ സഹായിക്കാന്‍ ഇവിടെ ചായക്കടയില്‍ നില്‍ക്കുന്നതാണ്. ആ നിരയിലുള്ള മൂന്നു കടകള്‍ അവളുടെ വീട്ടുകാര്‍ നടത്തുന്നതാണ്. സീറിങ്ങിനെ കണ്ടാല്‍ മുപ്പതു വയസ്സ് മതിക്കും, കാരണം കഠിനമായ ലഡാക്ക് കാലാവസ്ഥ എല്ലാവരുടെയും ചര്‍മ്മം ആഴത്തിലുള്ള ചാലുകള്‍ നിറഞ്ഞതാക്കും. എനിക്ക് സന്തൂര്‍ പരസ്യം ഓര്‍മ്മ വന്നു.
സീറിംഗ് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ക്ക് ഇനിയും മൂന്നു മണിക്കൂര്‍ വണ്ടിയോടിച്ചാലേ സര്‍ച്ചു എന്ന സ്ഥലത്തെത്താനാകൂ, കാരണം വഴിയില്‍ സൈന്യത്തിനു വേണ്ടി ഫൈബര്‍ ഒപ്ടിക് കേബിള്‍ ഇടുന്ന ജോലി നടക്കുന്നുണ്ട്; അതായത് വഴി മോശമാണ്. സര്‍ച്ചുവില്‍ ലഡാക്ക് ജില്ല (ജമ്മു & കശ്മീര്‍ സംസ്ഥാനവും) അവസാനിക്കുകയാണ്. അതിനുശേഷം ഹിമാചല്‍ പ്രദേശ് ആരംഭിക്കുന്നു. സര്‍ച്ചുവില്‍നിന്ന് വീണ്ടും രണ്ടര മണിക്കൂര്‍ എടുക്കും ജിസ്പയില്‍ എത്താന്‍. സര്‍ച്ചുവില്‍ ആറുമണിക്കെങ്കിലും എത്തുമെന്ന് തോന്നുന്നു. അവിടെ എത്തിയിട്ട് ബാക്കി തീരുമാനിക്കാം. എന്തായാലും ഈ യാത്രയില്‍ കുറെയേറെ കാര്യങ്ങള്‍ "വരുന്നിടത്ത് വച്ച് കാണാം" എന്ന നിലയിലാണ് ഇതുവരെ മുന്നോട്ട് പോയത്, അതിനാല്‍, ബാക്കിയുള്ള യാത്രയും അങ്ങനെ തന്നെയാട്ടെ എന്ന് തീരുമാനിച്ചു.
വൈകുന്നേരം അഞ്ചരയോടെ ഞങ്ങള്‍ സര്‍ച്ചുവില്‍ എത്തിച്ചേര്‍ന്നു. ചെക്ക്പോസ്റ്റ്നോട് അടുത്ത ഒരു ചായക്കടയില്‍ കയറി ചായയും റൊട്ടിയും സബ്ജിയും പറഞ്ഞു. താമസിയാതെ സൂര്യന്‍ മലകള്‍ക്ക് പിന്നില്‍ മറഞ്ഞു. ഇന്നിനി മുന്നോട്ടുള്ള യാത്ര ഇരുട്ടില്‍ ഒട്ടും സുരക്ഷിതമല്ല. അതുകൊണ്ട് രാത്രി സര്‍ച്ചുവില്‍ തന്നെ തങ്ങാന്‍ തീരുമാനിച്ചു. ചായക്കടയുടെ അടുത്തുള്ള ടെന്റ് യാത്രികര്‍ക്കുള്ളതാണ്. തകരം കൊണ്ട് തീര്‍ത്ത ഏകദേശം അഞ്ചു ക്യാമ്പ് കട്ടിലുകള്‍ ഉള്ള ഒരു ടെന്റ്. കമ്പിളികള്‍ മടക്കി അട്ടിയിട്ടു വച്ചിരിക്കുന്നു, എല്ലാ കട്ടിലുകളിലും - വിരിക്കാനും പുതക്കാനും ഉപയോഗിക്കാം. തണുപ്പ് കൂടി ക്കൂടി വന്നു. രാത്രി എട്ടുമണിയോടെ അല്‍പ്പം ദ്രക്ഷാരിഷ്ടവും കഴിച്ച് രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ കിടന്നു.
അതി കഠിനമായ തണുപ്പില്‍ പുതപ്പുകള്‍ക്കുള്ളില്‍ സ്വന്തം ശരീരംകൊണ്ട് ചെറുചൂടിന്റെ ലോകമുണ്ടാക്കി ഞങ്ങള്‍ ഉറക്കം വരാതെ കിടന്നു. ശരീരത്തിന്റെ ചെറിയ അനക്കം പോലും പുതപ്പുകള്‍ക്കടിയിലേക്ക് തണുപ്പിന്റെ കൈകള്‍ നീട്ടുവാന്‍ കാരണമാകും, അതുകൊണ്ട് തിരിയാതെയും മറിയാതെയും എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാന്‍ ഉറക്കത്തിന്റെയും ഉണര്‍വിന്റെയും ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുമ്പോഴാണ് സതീഷിന്റെ അനക്കമൊന്നും കാണുന്നില്ലായെന്നു ഞാന്‍ മനസ്സിലാക്കിയത്. ടോര്‍ച്ച് തലയണയുടെ അടിയില്‍ വച്ചത് തപ്പിയിട്ടു കാണുന്നുമില്ല. എന്തുചെയ്യണം?
"സതീഷേ..." അനക്കമില്ല. ഉറങ്ങിപ്പോയിട്ടുണ്ടാകുമോ? പക്ഷെ കഴിഞ്ഞ പത്തുദിവസത്തെ "ഒരുപായിലുറക്കം"
എന്നെ സതീഷിന്റെ ചെറിയ കൂര്‍ക്കംവലിയോട് പൊരുത്തപ്പെടുത്തിയതാണ് -
ഉറങ്ങിയിട്ടുണ്ടെങ്കില്‍ കൂര്‍ക്കംവലി കേള്‍ക്കണം. തണുപ്പില്‍ ടെന്റിന്‍റെ തകരപ്പാളികള്‍ പുളയുന്ന ശബ്ദം മാത്രം ഇടക്കിടെ കേള്‍ക്കാം. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നത്ര തണുപ്പ്.
"നേരം വെളുത്താ?" പെട്ടെന്ന് സതീഷ് ചോദിച്ചു.
"ഇല്ലാ സതീഷേ". അപ്പൊ ജീവനുണ്ട്!
ഞാന്‍ ചോദിച്ചു: "നേരത്തെ വിളിച്ചത് കേട്ടില്ലേ?"
"വിളിച്ചില്ലാല്ലോ? ഹോ എന്തൊരു തണുപ്പ്..."
അപ്പോള്‍ ഞാന്‍ സ്വപ്നം കാണുകയായിരുന്നോ? പ്രാണവായുവിന്റെ കുറവ് ഹാലൂസിനേഷന്‍ ഉണ്ടാക്കുമെന്നത് കേദാര്‍നാഥ് പോയപ്പോള്‍തന്നെ മനസ്സിലാക്കിയതാണ്.
എങ്ങനെയോ നേരം വെളുപ്പിച്ചു. പുതപ്പ് മാറ്റി നോക്കുമ്പോള്‍ ഉപ്പുപൊടി
വിതറിയപോലെ മഞ്ഞുതരികള്‍ പുതപ്പുകള്‍ക്കും ബാഗുകള്‍ക്കും മുകളില്‍ കിടക്കുന്നു. കാറിന്റെ വിന്‍ഡ്സ്ക്രീന്‍
മുഴുവന്‍ ഐസ് കൃസ്റ്റലുകള്‍ - നല്ല വെയിലത്ത് രാവിലെ എട്ടരവരെ കാത്തുനിന്നിട്ടും ഡാഷ്ബോര്‍ഡിലുള്ള തെര്‍മോമീറ്റര്‍
കാണിക്കുന്നത് മൈനസ് അഞ്ച്. രാത്രി മൈനസ് പത്തൊ മറ്റോ ആയിരുന്നിരിക്കാം. ജമ്മു & കാശ്മീര്‍ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി ഇന്റര്‍നെറ്റ്
സര്‍വീസ് തടഞ്ഞിരിക്കുകയാണ്, ഗവണ്മെന്റ്. അതുകൊണ്ട് കാലാവസ്ഥ
പ്രവചനം എന്താണെന്ന്‍ ഒരറിവുമില്ല. രാവിലെ ഒമ്പത് മണിയോടെ പുറപ്പെട്ടു. ഇരുന്നൂറ്റി ഇരുപതു കിലോമീറ്റര്‍ എട്ടുമണിക്കൂര്‍ എടുത്ത് യാത്ര ചെയ്ത് ഇന്ന് എങ്ങനെയും മണാലിയില്‍ എത്തണം!
ജിസ്പ
ഇന്ന് സെപ്റ്റംബര്‍ ഇരുപത്തിയെട്ട്. ഇന്നത്തോടുകൂടി "ലോകത്തിന്‍റെ മേല്‍ക്കൂരക്ക് മുകളിലൂടെ"യുള്ള യാത്ര അവസാനിപ്പിച്ച് ഹിമാലയത്തിനു താഴെ ഇറങ്ങും. കഴിഞ്ഞ എട്ടു ദിവസങ്ങള്‍ സഞ്ചരിച്ച ദിക്കുകളില്‍ നിന്നും ശരാശരി ഏഴായിരം അടിയെങ്കിലും താഴേക്ക് വരും ഒറ്റ ദിവസംകൊണ്ട്. അതായത് മണാലിയുടെ പൊക്കം 2,050 മീറ്റര്‍ (6,726 അടി) മാത്രമാണ്. ഒരു താരതമ്യത്തിന് ദക്ഷിണേന്ത്യയിലെ ഏറ്റവും പോക്കമേറിയ കൊടുമുടിയായ ആനമുടിയുടെ പൊക്കം 2,479 മീറ്റര്‍ (8,133 അടി) ആണ്.തണുത്തുറഞ്ഞ ട്സറാപ്പ് നദി യുടെ ഓരത്ത് കൂടി മുന്നോട്ടു നീങ്ങിയ ഞങ്ങള്‍ താമസിയാതെ കയറ്റം കയറിത്തുടങ്ങി. നല്ല വെയില്‍ കാണുന്നുണ്ട്. ആകാശം മേഘങ്ങള്‍ ഒഴിഞ്ഞതായാണ് കാണപ്പെട്ടത്. മലകള്‍ക്ക് മുകളില്‍ കിടക്കുന്ന മഞ്ഞ് വെയിലടിക്കുമ്പോള്‍ ആവി പുറപ്പെടുവിക്കുന്നത് അവിടെ തന്നെ മൂടല്‍മഞ്ഞ് പോലെ തങ്ങി നില്‍ക്കുന്നു. കാറ്റ് തീരെ ഇല്ല. മുകളിലേക്ക് കയറുന്തോറും വഴിയില്‍ അവിടവിടെ മഞ്ഞ് കാണപ്പെട്ടു.
ബാരാലാച്ച ലാ എത്തുമ്പോഴേക്കും വഴി മുഴുവന്‍ മഞ്ഞ് മൂടിയിരുന്നു. ചുരത്തിന്റെ മുകളില്‍ ഞങ്ങള്‍ കുറച്ചു നേരം നിന്ന് ഫോട്ടോകള്‍ എടുത്തു. വഴിയില്‍ ഇത്രയം ഉയരത്തില്‍ 4,890 മീറ്റര്‍ (16,040 അടി) ഇനി തണ്ടാന്‍ ഒരു പാതയില്ല.
ബാരാലാച്ച ചുരം കടന്ന് ഞങ്ങള്‍ ഇറക്കം ഇറങ്ങി തുടങ്ങി. ഭൂപ്രകൃതി മഞ്ഞില്‍ നിന്നും തുടങ്ങി കടും ചുവപ്പ് പുതച്ച താഴ്വരയോടുകൂടിയതായി മാറി. ഈ ചുവന്ന നിറം ഒരു പുല്‍ ചെടിയുടെതാണ്.
അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു പട്ടാള ക്യാമ്പ് കണ്ടു. അവിടെ രണ്ടു പട്ടാളക്കാര്‍ നില്‍പ്പുണ്ടായിരുന്നു. അവരിലൊരാള്‍ ഫോര്‍ച്യുണറിന് കൈ കാണിച്ചു. കൂടെയുള്ള ആളെ കീലോങ്ങ് പട്ടണത്തില്‍ ഇറക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചു . പട്ടാളക്കഥകള്‍ കേള്‍ക്കേണ്ടി വരുമോ എന്ന് പേടിച്ചാണെങ്കിലും, സന്തോഷത്തോടെ ആ ജവാനെ ഞങ്ങള്‍ സ്വാഗതം ചെയ്തു. വിചാരിച്ച പോലെയല്ല, ആള്‍ വളരെ "സൈലന്‍റ് ടൈപ്പ്" ആയിരുന്നു. ക്യാമ്പില്‍ മൊബൈല്‍ ഫോണ്‍ റേഞ്ച് ഇല്ലാത്തതിനാല്‍ നാല്‍പ്പതു കിലോമീറ്റര്‍ അകലെയുള്ള കീലോങ്ങില്‍ ഫോണ്‍ ചെയ്യാന്‍ പോകുന്നതാണ് പുള്ളിക്കാരന്‍!
ഭാഗ് നദി വഴിയുടെ ഇടതുവശം ഒഴുകുന്നുണ്ട്. വലതുവശത്തെ മലയില്‍ നിന്ന് കുഞ്ഞരുവികള്‍ ഒഴുകി പാത മുറിച്ചു കടന്ന് ഭാഗിന്റെ ഭാഗഭാക്കാകുന്നു. മഴക്കാലത്ത് ഈ അരുവികള്‍ തനിസ്വരൂപം പുറത്തെടുക്കുന്നുണ്ടാകണം. കാരണം, പോകുന്ന വഴിയിലെല്ലാം, വെള്ളം വാരിക്കൊണ്ട് പോയ പാതകള്‍ നന്നാക്കുന്ന തിരക്കിലാണ് പണിക്കാര്‍. ജോലിക്കാരെയും വഹിച്ചുകൊണ്ട് ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും പായുന്നു.
ജിസ്പ കടന്ന് പോയപ്പോള്‍ ഇന്നലെ രാത്രി തങ്ങേണ്ടിയിരുന്ന "ഹിമാലയന്‍ മിഡ് വേ ക്യാമ്പ്" എവിടെയാണെന്ന് നോക്കിയാണ് പോയത്. അവിടെപ്പോയി ഒന്ന് കുളിച്ച് വൃത്തിയാകാമെന്നു കരുതി. കണ്ടുപിടിക്കാന്‍ പറ്റിയില്ല. ഇന്നലെ രാത്രി ഇതന്വേഷിച്ചു വന്നെങ്കില്‍ വഴിയിലായേനെ - പകല്‍ വെളിച്ചത്തില്‍ കണ്ട് പിടിക്കാന്‍ പറ്റാത്തത് രാത്രി ഒന്‍പതു മണിക്ക് എങ്ങനെ കണ്ടുപിടിക്കും?
കീലോങ്ങ് എന്ന ചെറു പട്ടണത്തില്‍ എത്തിയപ്പോള്‍, ജവാന്‍ സവാരിക്ക് നന്ദി പറഞ്ഞ് ഇറങ്ങി. ഞങ്ങള്‍ സമയം കളയാതെ മുന്നോട്ട് പോയി. താമസിയാതെ ഭാഗ് നദി ചെനാബ് നദിയുമായി സന്ധിക്കുന്ന ടാണ്ടി എന്ന സ്ഥലം കടന്നു. ഇനി മണാലിക്ക് 108 കിലോമീറ്റര്‍ എന്നാണ് ദിശാഫലകത്തില്‍ കണ്ടത്. അപ്പോള്‍ ഒരു മൂന്നു മണിക്കൂര്‍ കൂടി വേണം മണാലി എത്താന്‍.
ജിസ്പ കടന്ന് പോയപ്പോള്‍ ഇന്നലെ രാത്രി തങ്ങേണ്ടിയിരുന്ന "ഹിമാലയന്‍ മിഡ് വേ ക്യാമ്പ്" എവിടെയാണെന്ന് നോക്കിയാണ് പോയത്. അവിടെപ്പോയി ഒന്ന് കുളിച്ച് വൃത്തിയാകാമെന്നു കരുതി. കണ്ടുപിടിക്കാന്‍ പറ്റിയില്ല. ഇന്നലെ രാത്രി ഇതന്വേഷിച്ചു വന്നെങ്കില്‍ വഴിയിലായേനെ - പകല്‍ വെളിച്ചത്തില്‍ കണ്ട് പിടിക്കാന്‍ പറ്റാത്തത് രാത്രി ഒന്‍പതു മണിക്ക് എങ്ങനെ കണ്ടുപിടിക്കും?
കീലോങ്ങ് എന്ന ചെറു പട്ടണത്തില്‍ എത്തിയപ്പോള്‍, ജവാന്‍ സവാരിക്ക് നന്ദി പറഞ്ഞ് ഇറങ്ങി. ഞങ്ങള്‍ സമയം കളയാതെ മുന്നോട്ട് പോയി. താമസിയാതെ ഭാഗ് നദി ചെനാബ് നദിയുമായി സന്ധിക്കുന്ന ടാണ്ടി എന്ന സ്ഥലം കടന്നു. ഇനി മണാലിക്ക് 108 കിലോമീറ്റര്‍ എന്നാണ് ദിശാഫലകത്തില്‍ കണ്ടത്. അപ്പോള്‍ ഒരു മൂന്നു മണിക്കൂര്‍ കൂടി വേണം മണാലി എത്താന്‍.
റോട്ടാങ്ങ് പാസ്
റോട്ടാങ്ങ് തുരങ്കം പണി കഴിഞ്ഞ് യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു എന്നാണ് ഞാന്‍ കരുതിയിരുന്നത്. അതുകൊണ്ട് തുരങ്കത്തിലൂടെ പോകാതെ ചുരം കയറി, "മൃതദേഹങ്ങളുടെ കൂന" (റോട്ടാങ്ങ്) താണ്ടിയാകണം പോകേണ്ടത് എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ എട്ടര കിലോമീറ്റര്‍ നീളമുള്ള തുരങ്കപ്പാത പകുതിയേ പൂര്‍ത്തിയായിട്ടുള്ളൂ. "രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പിച്ചതും റോട്ടാങ്ങ്" എന്ന തത്വ പ്രകാരം ഞങ്ങള്‍ ചുരം കയറിത്തുടങ്ങി. വഴി വളരെ മോശം. ചെളിനിറഞ്ഞതും ഇടുങ്ങിയതുമായ വഴിയില്‍ ട്രക്കുകള്‍ നിരനിരയായ് പോകുന്നു - ഇഴയുന്നു എന്നതാവും കൂടുതല്‍ ശരി. വഴി ഒഴിഞ്ഞു കൊടുക്കാന്‍ പറ്റാതെ പലപ്പോഴും വാഹനങ്ങളുടെ നീണ്ട നിരകള്‍ രൂപപ്പെട്ടു. വല്ലവിധേനയും ഞങ്ങള്‍ ചുരത്തിനു മുകളില്‍ എത്തി.
റോട്ടാങ്ങ് ചുരത്തിന്റെ ചിത്രങ്ങളിലെല്ലാം നിറയെ മഞ്ഞ് മൂടിയിരിക്കുന്നതായാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ സാധാരണയിലും വളരെ കുറവ് മഞ്ഞേ ഉണ്ടായിരുന്നുള്ളൂ. പരാതിയില്ല, ധാരാളം മഞ്ഞ് ഇപ്പോള്‍ തന്നെ കണ്ടിരിക്കുന്നു! മണാലിയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍ മഞ്ഞില്‍ കളിക്കുന്നുണ്ട്. ഈവര്‍ഷം നാഷണല്‍ ഗ്രീന്‍ ട്രിബ്യുണല്‍ വിനോദ സഞ്ചാരികള്‍ക്ക് റോട്ടാങ്ങ് സന്ദര്‍ശിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഞങ്ങള്‍ ഇതൊക്കെ എത്ര കണ്ടതാ, എന്ന സ്റ്റൈലില്‍ വിനോദസഞ്ചാരികളെ അവഗണിച്ച് യാത്ര തുടര്‍ന്നു. ചുരം ഇറങ്ങുമ്പോള്‍, താഴേക്ക് പോകുന്തോറും പ്രകൃതിയില്‍ പച്ചപ്പ് കൂടി വരുന്നതായി ശ്രദ്ധിച്ചു.
സൂര്യന്‍ ചരിഞ്ഞു തുടങ്ങി. എണ്ണാന്‍ പറ്റാത്ത "മുടിപ്പിന്‍" വളവുകളുമായി മണാലിയിലേക്കുള്ള ഇറക്കം ഞങ്ങളെ മാടി വിളിച്ചു. ചില വാഹനങ്ങള്‍ കുറുക്കുവഴി കളിലൂടെ ഇറങ്ങുന്നത് കണ്ടെങ്കിലും ഞങ്ങള്‍ "നല്ല കുട്ടികളായി" വാഹനം റോഡിലൂടെ തന്നെ ഓടിച്ചുകൊണ്ട് ചുരം ഇറങ്ങി.
മണാലി
കുറ്റിചെടികള്‍ സാവധാനം ചെറുമരങ്ങളായി, മലഞ്ചരിവുകള്‍ പതുക്കെ മനോഹരമായ ഒരു വനമായി വളര്‍ന്നു. അകലെയുള്ള മലഞ്ചരിവുകളില്‍ വര്‍ണാഭമായ ഇലകളോടെ മരക്കൂട്ടങ്ങള്‍ കൂട്ടംകൂടി നിന്നു.ഒരു വെള്ളച്ചാട്ടം വലിയ ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് മുകളില്‍ നിന്നും തഴെക്ക് പതിക്കുന്ന മനോഹരമായ കാഴ്ച. അതിനരികില്‍ - പച്ചപ്പരവതാനിയില്‍ വെള്ളപ്പൊട്ടുകള്‍ പോലെ സാമാന്യം വലിയൊരുകൂട്ടം ആടുകള്‍ മേഞ്ഞു നടക്കുന്നു.
ശ്രദ്ധിച്ചു നോക്കിയപ്പോള്‍, ആടുകള്‍ ചെങ്കുത്തായ പാറകളില്‍ അനായാസം ഓടി നടക്കുന്നത് കണ്ടു.
മരങ്ങള്‍ക്കിടയിലൂടെയുള്ള പാതയില്‍ സായാഹ്ന സൂര്യന്‍റെ വെളിച്ചവും നിഴലുകളും ചേര്‍ന്ന് ഒരു മായ പ്രപഞ്ചത്തിലൂടെ ഞങ്ങളെ താഴ്വരയിലേക്ക് ആനയിച്ചു. താമസിയാതെ ഇറക്കം കഴിഞ്ഞ് ബീയാസ് നദിയുടെ കരയിലൂടെയായി യാത്ര. സമയം എഴുമണി ആയെങ്കിലും വെളിച്ചമുണ്ട്. ഗൂഗിള്‍ മാപ്പ് പ്രകാരം വഴിയൊന്നും തെറ്റാതെ ഞങ്ങള്‍ "റൈഡ് ഇന്‍" ഹോം സ്റ്റേയില്‍ എത്തിച്ചേര്‍ന്നു.
ആപ്പിള്‍ തോട്ടങ്ങള്‍ നിറഞ്ഞ ആ പ്രദേശത്ത് ആപ്പിള്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ഹോം സ്റ്റേ; താമസക്കാരായി ഞങ്ങള്‍ മാത്രമേയുള്ളൂ. ആപ്പിള്‍ പറിക്കരുതെന്ന് എഴുതി വച്ചിരുന്നതിനാല്‍, ഫോട്ടോ എടുത്തു എല്ലാവര്‍ക്കും വാട്ട്‌സ് ആപ്പില്‍ അയച്ചുകൊടുത്തു. ലേയില്‍ ഇറങ്ങിയതിനു ശേഷം നേരെ ചൊവ്വേ ഇന്റര്‍നെറ്റ് കിട്ടുന്നത് ഇപ്പോഴാണ്. ഒമ്പത് മണിയോടെ കുളിച്ച്, ഭക്ഷണം, കഴിച്ച് തലേന്നത്തെ കടം കൂടി തീര്‍ക്കാന്‍ സുഖമായുറങ്ങി.
ചണ്ഡിഗഡ്
ഇന്ന് സെപ്റ്റംബര്‍ 29, ചൊവ്വാഴ്ചയാണ്. രാവിലെ തന്നെ പുറപ്പെട്ടു. ഇന്നത്തെ ലക്‌ഷ്യം ചണ്ഡിഗഡ് ആണ്. മുന്നൂറ്റി പത്തു കിലോമീറ്റര്‍ താണ്ടിവേണം അവിടെ എത്താന്‍. മണാലി പട്ടണ പരിസരം അപ്പിള്‍ മൊത്തക്കച്ചവടത്തിന്‍റെ തിരക്ക് നിറഞ്ഞതാണ്. അന്തരീക്ഷത്തില്‍ ആപ്പിള്‍ മണം നിറഞ്ഞു നിന്നു. പട്ടണം വേഗത്തില്‍ പിന്നിട്ടു ഫോര്‍ച്യുണര്‍ ബിയാസ് നദിക്കരയിലൂടെ മുന്നോട്ടു കുതിച്ചു. ബിയാസ് നദിക്കരയില്‍ നിര നിരയായി സാഹസിക വിനോദമായ "വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങ്" പരസ്യ ബോര്‍ഡുകള്‍ കാണാമായിരുന്നു. മറ്റൊരു പരസ്യം കണ്ടത് വിവിധ രീതിയില്‍ പാചകം ചെയ്ത ബീയാസ് ട്രൌട്ട് മത്സ്യം കിട്ടുന്ന ഭോജന ശാലകളുടെയാണ്.കുളു എത്തിയപ്പോള്‍, ദേശീയ പാത വിട്ടു ഞങ്ങള്‍ കുളു ടൌണില്‍ കയറി. ഇടുങ്ങിയ തെരുവുകളും ഉന്തുവണ്ടിയില്‍ വഴി വാണിഭക്കാരും ഒക്കെയുള്ള ഒരു സാധാരണ ടൌണ്‍. പട്ടണത്തിന്റെ അവസാനം വഴി വീണ്ടും ബിയാസ് നദി കുറുകെ കടന്ന് ദേശീയ വീഥിയില്‍ ലയിച്ചു.
ബിയാസ് നദിയുടെ അരികുപറ്റി യാത്ര തുടര്‍ന്ന ഞങ്ങള്‍ ഒരു നീളമേറിയ തുരങ്കത്തില്‍ കൂടി കടന്ന് മുന്നോട്ടു പോയി. പാണ്ഡോ ഡാം അടുത്തപ്പോള്‍, ബിയാസിന്റെ മറുകരയില്‍ ഒരു വലിയ മലയിടിച്ചില്‍ നടക്കുന്നത് കണ്ടു. മലയിടിയുന്നതിനു എതിര്‍വശത്ത് ചിലവീടുകള്‍ കാണാമായിരുന്നു. മലയിടിയുന്ന സ്ഥലത്ത് വീടുകളുണ്ടോ? ദൈവം അവരെ രക്ഷിക്കട്ടെ.
ഉച്ചക്കുശേഷം സഞ്ചാരം സുഗമമായില്ല. ബിലാസ്പൂര്‍ കഴിഞ്ഞപ്പോള്‍, ബക്ര-നംഗല്‍ അണക്കെട്ടിന്റെ തടാകത്തിന്‍റെ ഒരു വ്യൂ പോയന്‍റ് കടന്നതോടെ വാഹങ്ങളുടെ ഒരു നീണ്ട നിരക്കുപിന്നിലായി കുറേനേരം കിടക്കേണ്ടിവന്നു. ഒരു കാറില്‍ ഇടിച്ചു മറിഞ്ഞ ട്രക്ക് വഴിയില്‍ കിടന്നതുകൊണ്ട് ഒരു വശത്തു നിന്നേ വാഹനങ്ങള്‍ക്ക് പോകുവാന്‍ പറ്റുന്നുള്ളൂ. അതുതരണം ചെയ്തു മുന്നോട്ട് പോയപ്പോള്‍ പലയിടത്തും റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ യാത്ര വീണ്ടും സാവധാനമായി.
രാത്രി ഏഴരയോടെ ഞങ്ങള്‍ ചണ്ഡിഗഡ് നഗരത്തില്‍ എത്തി. ചണ്ഡിഗഡ് വളരെ വൃത്തിയുള്ളതും ആസൂത്രണ മികവിമുള്ള ഒരു സുന്ദര നഗരമായി തോന്നി. ലെമണ്‍ ട്രീ ഹോട്ടലില്‍ എത്തിയതോടെ ഞങ്ങളുടെ ലേ-ലഡാക്ക് യാത്ര ശുഭപര്യവസായി ആയി.
ലേ യാത്ര അവസാനിക്കുന്നു
സെപ്റ്റംബര്‍ മുപ്പത്, ബുധനാഴ്ച. പത്തുമണിക്ക് ഫോര്‍ച്യുണര്‍ തിരികെ വാങ്ങാന്‍ ചാരു എത്തി. കഴിഞ്ഞ പത്തു ദിവസത്തെ സഹവാസം അവസാനിപ്പിച്ചു ആ വിശ്വസ്തനായ വാഹനം ചാരുവിന്റെ കൂടെ പോയി. വളരെ മോശമായ പാതകളിലൂടെ ഒരു പഞ്ചര്‍ പോലും തരാതെ ഞങ്ങളെ സുരഷിതമായി ഓരോ ലക്ഷ്യങ്ങളിലുമെത്തിച്ച ഫോര്‍ച്യുണറിന് ഒരു ബിഗ് സല്യൂട്ട്!
വൈകീട്ടത്തെ ജെറ്റ് എയര്‍ ഫ്ലൈറ്റില്‍ ഞങ്ങള്‍ ഡല്‍ഹിക്ക് പോയി. ഒരു രാത്രികൂടി ഡല്‍ഹിയില്‍. ഡല്‍ഹിയിലെ താമസം ഹോട്ടല്‍ "ഷാങ്ങ്ഗ്രി ലാ" യിലായിരുന്നു - അത് ഒരു ലഡാക്കി / ടിബറ്റന്‍ പേരായത് രസകരമായ ഒരു യാദൃച്ഛികതയായി. അതിനു കാരണം, മുന്‍പ് കേദാര്‍/ ബദരി യാത്ര കഴിഞ്ഞ് "കുളിച്ച് തൊഴാന്‍" വേണ്ടി സതീഷും ഞാനും താമസിച്ചത് ഇതേ ഹോട്ടലിലായിരുന്നു. ഹോട്ടല്‍ ബാറിന്‍റെ ഒരു മൂലയിലിരുന്നു ഞങ്ങള്‍ കഴിഞ്ഞ പതിനൊന്നു ദിനങ്ങള്‍ വീണ്ടും ഓര്‍മ്മിച്ചു. അമൂല്യമായ പതിനൊന്ന് രാപകലിന്‍റെ അനുഭവങ്ങള്‍! ഈ യാത്രക്കുള്ള കാത്തിരുപ്പ് നീണ്ടതായിരുന്നെങ്കിലും അത് നല്ല ഓര്‍മ്മകളുമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് സന്തോഷിക്കാന്‍ കൂടുതല്‍ വകനല്‍കി.
ലേ-ലഡാക്ക് യാത്ര നടത്താന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍, ഈ യാത്രയുടെ അനുഭവത്തില്‍ നിന്നുള്‍ക്കൊണ്ട് താഴെ കൊടുക്കുന്നു.
വൈകീട്ടത്തെ ജെറ്റ് എയര്‍ ഫ്ലൈറ്റില്‍ ഞങ്ങള്‍ ഡല്‍ഹിക്ക് പോയി. ഒരു രാത്രികൂടി ഡല്‍ഹിയില്‍. ഡല്‍ഹിയിലെ താമസം ഹോട്ടല്‍ "ഷാങ്ങ്ഗ്രി ലാ" യിലായിരുന്നു - അത് ഒരു ലഡാക്കി / ടിബറ്റന്‍ പേരായത് രസകരമായ ഒരു യാദൃച്ഛികതയായി. അതിനു കാരണം, മുന്‍പ് കേദാര്‍/ ബദരി യാത്ര കഴിഞ്ഞ് "കുളിച്ച് തൊഴാന്‍" വേണ്ടി സതീഷും ഞാനും താമസിച്ചത് ഇതേ ഹോട്ടലിലായിരുന്നു. ഹോട്ടല്‍ ബാറിന്‍റെ ഒരു മൂലയിലിരുന്നു ഞങ്ങള്‍ കഴിഞ്ഞ പതിനൊന്നു ദിനങ്ങള്‍ വീണ്ടും ഓര്‍മ്മിച്ചു. അമൂല്യമായ പതിനൊന്ന് രാപകലിന്‍റെ അനുഭവങ്ങള്‍! ഈ യാത്രക്കുള്ള കാത്തിരുപ്പ് നീണ്ടതായിരുന്നെങ്കിലും അത് നല്ല ഓര്‍മ്മകളുമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് സന്തോഷിക്കാന്‍ കൂടുതല്‍ വകനല്‍കി.
ലേ-ലഡാക്ക് യാത്ര നടത്താന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍, ഈ യാത്രയുടെ അനുഭവത്തില്‍ നിന്നുള്‍ക്കൊണ്ട് താഴെ കൊടുക്കുന്നു.
- സെപ്റ്റംബര്‍ അവസാനം യാത്രക്ക് തിരഞ്ഞെടുത്തത് മഴ ഒഴിവാക്കാനാണ്. പക്ഷെ സെപ്റ്റംബര്‍ അവസാനം തണുപ്പ് കൂടുതലാണ്
- ലേയില്‍ താമസിക്കാന്‍ ധാരാളം സ്ഥലങ്ങള്‍ ഉണ്ട്. ലക്ഷുറി ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത് നല്ലതാണ്. അല്ലെങ്കില്‍ രാവിലെ ഫ്ലൈറ്റ് ഇറങ്ങി ഒന്നു ചുറ്റിയാല്‍ നല്ല ഇടം ചുരുങ്ങിയ ചിലവില്‍ കണ്ടെത്താവുന്നതേയുള്ളൂ
- രണ്ടു ദിവസം വിശ്രമിക്കാന്‍ മാറ്റി വയ്ക്കണം. രണ്ടാം ദിവസം ലേ പട്ടണം ചുറ്റിക്കറങ്ങി നടക്കാന്‍ ഉപയോഗിക്കാം. AMS ഗുളിക വരുന്നതിനു രണ്ടു ദിവസം മുന്‍പേ കഴിച്ചാല്‍ ഒരു ദിവസത്തെ വിശ്രമം മതിയാകും
- നുബ്ര താഴ്‌വരയില്‍ പോകണമെങ്കില്‍ ഒരുദിവസം അവിടെ താമസിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ കാര്‍ദുങ്ങ് ലാ വരെ പോയി തിരിച്ചു വരാന്‍ ഒരുദിവസം മതി
- പാങ്ങ് ഗോങ്ങ് തടാകം, മുതലായ മറ്റെല്ലാ സ്ഥലങ്ങളും ഒരു ദിനം കൊണ്ട് പോയിവരാം
- ഇന്റര്‍നെറ്റ് ഇല്ല എന്ന് കരുതുന്നതാണ് നല്ലത്. മിക്കവാറും സര്‍വീസ് ഉണ്ടാകാറില്ല!
- റോമിംഗ് മൊബൈല്‍ ഫോണ്‍ - ബി എസ് എന്‍ എല്‍ പോസ്റ്റ് പെയ്ട് മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ - വിളിക്കാനും എസ് എം എസ് അയക്കാനും മാത്രം; പക്ഷെ പലയിടത്തും പബ്ലിക് കാള്‍ ഓഫിസുകള്‍ ഉണ്ട്
- എപ്പോഴും കാമറ കയ്യില്‍ കരുതുക - മാറിമറിയുന്ന കാലാവസ്ഥ എപ്പോഴാണ് നല്ല ഒരു പടം തരുന്നതെന്ന് പ്രവചിക്കാനാവില്ല. മൊബൈല്‍ഫോണ്‍ കാമറയില്‍ "ലൊക്കേഷന്‍ ടാഗ്" ഓണ്‍ ആക്കി ഫോട്ടോകള്‍ എടുത്താല്‍, പിന്നീട് എവിടെയൊക്കെ പോയി എന്നത് ഗൂഗിള്‍ മാപ്പില്‍ കാണാം - പികാസ ഉപയോഗിച്ച്
- തണുപ്പിനെ പ്രതിരോധിക്കുന്ന നല്ല വസ്ത്രങ്ങള്‍ കരുതുക. പകല്‍ ചൂടുള്ളതായാലും, രാത്രിക്ക് തണുപ്പ് വളരെ കൂടുതലാണ്
- കൂടെ കുറച്ച് ചോക്ലേറ്റ്, ബിസ്ക്കറ്റ്, മുതലായവ കരുതുന്നത് നല്ലതാണ്. റോഡ് ബ്ലോക്കില്‍ പെട്ടാല്‍ പട്ടിണിയാകില്ല! കൂടാതെ, വഴിയില്‍ കാണുന്നവര്‍ക്ക് സമ്മാനിക്കാനും ഉപയോഗിക്കാം.
റോഡ് ട്രിപ്പ് ആണ് താല്പര്യമെങ്കില്‍, സ്വകാര്യ വാഹനം കൊണ്ടുവരുന്നതാണ് സുരക്ഷിതം. പുറമേ നിന്നുള്ള ടാക്സി (മഞ്ഞ നമ്പര്‍ പ്ലേറ്റ്) വാഹനങ്ങള്‍ക്ക് സഞ്ചാരികളെ ലേയില്‍ എത്തിക്കാനും തരികെ കൊണ്ടുപോകുവാനും മാത്രമേ അനുവാദമുള്ളൂ. സമയം കുറവായതുകൊണ്ട് ഞങ്ങള്‍ ഒരു സ്വകാര്യവാഹനം ചണ്ഡിഗഡ് നിന്നും ലെയിലേക്ക് വരുത്തിക്കുകയായിരുന്നു - അതുകൊണ്ട് മൂന്നു ദിവസം ലാഭിക്കാന്‍ കഴിഞ്ഞു.
ധാരാളം ഇരുചക്രവാഹനങ്ങള്‍ ലേയില്‍ വാടകയ്ക്ക് കിട്ടും. ബുള്ളെറ്റ് മുതല്‍ സ്കൂട്ടി വരെ. അതുകൊണ്ട് ബൈക്ക് ട്രിപ്പ് നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നാട്ടില്‍ നിന്ന് ബൈക്ക് കൊണ്ടുവരണമെന്നില്ല.
ലേയില്‍ വച്ച് ഒരുദിവസം മാത്രമാണ് പുറമേ നിന്ന് ആഹാരം കഴിച്ചത്. ചസ്ക മസ്ക ദോശ ഹൌസ് എന്ന് കണ്ടു കയറിയതാണ്. മസാലദോശ കഴിച്ചു, നന്നായിരുന്നു. മറ്റുള്ള ഇടങ്ങളിലെല്ലാം ചപ്പാത്തി ദാല്‍ ഫ്രൈ, നൂഡില്‍, ചായ എന്നിവയില്‍ ഒതുക്കി. സര്‍ച്ചുവില്‍ നിന്നും കഴിച്ച ഡ്രൈ സബ്ജി കറി എനിക്ക് വളരെ ഇഷ്ടമായി - വയറിന് വല്ല കുഴപ്പവും സംഭവിച്ചാലോ എന്നു നല്ല പേടിയുണ്ടായിരുന്നു. പക്ഷെ ഒന്നുമുണ്ടായില്ല - ദ്രാക്ഷാരിഷ്ടം ഒരു അണുനാശിനിയാണല്ലോ!
വീണ്ടും കാണുന്നത് വരേയ്ക്കും, ഗുഡ് ബൈ, ലേ!

































Nannayittundu... last part about food is really interesting... :-)
ReplyDeletenice photos...
ReplyDeleteVery interesting narration. Beautiful photos and useful tips.
ReplyDeleteNicely written & excellent photographs. All the best.
ReplyDelete