Thursday, 12 November 2015

"ലേ"യിലേക്കൊരു യാത്ര - ഭാഗം 3 (അവസാനഭാഗം)

സര്‍ച്ചു

ഇന്ന് സെപ്റ്റംബര്‍ ഇരുപത്തിയേഴ്. ഇന്നത്തെ ദീര്‍ഘ യാത്രക്കുള്ള മുന്നൊരുക്കമായി ഇന്നലെ വിശ്രമ ദിനമായിരുന്നു. ഇന്നു രാത്രിയിലെ താമസം ജിസ്പയില്‍ ആണ് ഒരുക്കിയിരിക്കുന്നത്. ലേയില്‍നിന്ന് 340 കിലോമീറ്റര്‍ സഞ്ചരിച്ചാലേ ജിസ്പയില്‍ എത്തിച്ചേരൂ - ഏകദേശം പത്തുമണിക്കൂര്‍ യാത്രയുണ്ട്. തലേന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് ഹോട്ടലിലെ കണക്ക്‌ തീര്‍ത്ത്, നാളെ രാവിലെ വഴിയില്‍ കഴിക്കേണ്ട ഭക്ഷണത്തിന് ഓര്‍ഡറും കൂടി കൊടുത്തിട്ടാണ് ഉറങ്ങാന്‍ പോയത്. ഞങ്ങള്‍ രാവിലെ ആറുമണിക്ക് മുന്നേ തന്നെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പൊതിഞ്ഞെടുത്ത് ലേ പട്ടണത്തിന് വിട പറഞ്ഞ് മണാലി ഹൈവേയില്‍ കയറി.

Monday, 2 November 2015

"ലേ"യിലേക്കൊരു യാത്ര - ഭാഗം 2


കാര്‍ദുങ്ങ് ലാ

സെപ്റ്റംബര്‍ ഇരുപത്തിനാല് - നുബ്ര താഴ്വരയില്‍ പോകാന്‍ പറ്റിയില്ലെങ്കിലും, കാര്‍ദുങ്ങ് പാസ്‌ കാണുവാന്‍ പോകണമെന്ന് ഉറപ്പിച്ചിരുന്നു. 5,602 മീറ്റര്‍ (18,380 അടി) ഉയരത്തിലുള്ള ഈ ചുരത്തിലേക്ക് ലേയില്‍ നിന്നും നാല്‍പ്പതു കിലോമീറ്റര്‍ സഞ്ചരിക്കണം. പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പുറപ്പെട്ടു. ലേ പട്ടണത്തിന്റെ തിരക്കുപിടിച്ച ഒരു ദിക്കിലാണ് അങ്ങോട്ടെക്കുള്ള വഴി ആരംഭിക്കുന്നത്. പൊതുവഴിയും നടവഴിയും ഒന്നുപോലെ തോന്നിക്കുന്ന തിക്കിലും തിരക്കിലും ഞങ്ങള്‍ക്ക് കാര്‍ദുങ്ങ് ലാ റോഡ്‌ പിടികിട്ടിയില്ല. പിന്നെയാണ് ഗതാഗതക്കുരുക്കില്‍  പെട്ട് വാഹനങ്ങള്‍ തിങ്ങിയ ഒരു ഇടവഴിയാണ് അവിടെക്കുള്ള വഴിയെന്ന് മനസ്സിലായത്. ഒരു സൈനിക വാഹനത്തിനു പിന്നില്‍ ഞങ്ങളും ഗതാഗതക്കുരുക്കിലേക്ക് "ഫാള്‍ ഇന്‍" ആയി!